ഭൌതിക ധനം ശരിയായി കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടത് ജീവിതത്തിന്റെ ശരിയായ ദിശയിലുള്ള പോക്കിന് അത്യാവശ്യമാണ്. പ്രത്യേകിച്ച് പണം ഉണ്ടെങ്കില്‍ എന്തും സാധിക്കും എന്ന നിലയില്‍ തന്നെ കാര്യങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്ന ഈ കാലത്തു.
പണത്തിനു സാധിക്കാത്തത് വല്ലതും ഉണ്ടോ? പണമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും എന്താ കാര്യം? സത്യത്തില്‍ പണം ഇല്ലാത്തത് കൊണ്ടല്ലേ നമ്മള്‍ പല പ്രശ്നത്തിലും പെട്ട് പോകുന്നത്? എത്രയെത്ര ജീവിതങ്ങളാണ് സാമ്പത്തിക പ്രശ്നങ്ങളില്‍ പെട്ട് ജീവനൊടുക്കുന്നത്? കാശില്ലാത്തത് മൂലം എത്രയോ പേരുടെ അത്യാവശ്യ കാര്യങ്ങള്‍ മുടങ്ങിപ്പോകുന്നു? അപ്പോള്‍ പിന്നെ പണം നമ്മുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനത്ത് വരേണ്ടതല്ലേ? ആവശ്യ സമയത്തു ഉപകരിക്കുന്ന ഒരു നിക്ഷേപം ആയി സമ്പത്തിനെയല്ലേ നാം കാണേണ്ടത്?
ഈ ആശയങ്ങളുടെ പശ്ചാത്തലത്തില്‍ ബൈബിളിലെ 2 രാജാക്കന്മാര്‍ നാലാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്ന ഒരു സംഭവം ഈയിടെ ചിന്തിക്കുകയുണ്ടായി. (വാക്യങ്ങള്‍ ഒന്നു മുതല്‍ ഏഴ് വരെ. ഇവിടെ വായിക്കാം). ഏലിയാവിന്റെ ഇരട്ടി ശക്തിയോടുകൂടെ പ്രവാചക ശുശ്രൂഷ ചെയ്തു കൊണ്ടിരുന്ന എലിശാ പ്രവാചകന്റെ ഒരു ശിഷ്യന്റെ കുടുംബത്തില്‍ നേരിട്ട ആകസ്മികമായ ഒരു ദുരന്തത്തെ വളരെ ദരിദ്രരായ അവര്‍ എങ്ങനെ മറികടന്നു എന്നതാണ് സംഭവം.
തോല്‍ക്കാത്ത വിശ്വാസം:
എലിശാ പ്രവാചകന് ദൈവ ഭക്തനായ ഒരു ശിഷ്യന്‍ ഉണ്ടായിരുന്നു. അവന്‍ അപ്രതീക്ഷിതമായി മരണപ്പെട്ടു. വളരെ പെട്ടെന്ന് സംഭവിച്ച കുടുംബ നാഥന്റെ നിര്യാണത്തില്‍ തകര്‍ന്നിരിക്കുന്ന കുടുംബത്തിനു അടുത്ത പ്രതിസന്ധി. സാമ്പത്തികം തന്നെ. ഗൃഹ നാഥന്‍ ഒരു കടം വീട്ടുവാന്‍ ഉണ്ടായിരുന്നു. കടം വീണ്ടു കിട്ടേണ്ടവര്‍ വന്നു കുഞ്ഞുങ്ങളെ അടിമകളായി പിടിച്ചു കൊണ്ടുപോകാന്‍ വന്നിരിക്കുന്നു. കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് വിധവയായ ഒരു സ്ത്രീയും. ഭൌതികമായ സമ്പത്തു ഒന്നും തന്നെ ഇല്ല താനും. ആലോചിച്ചു നോക്കിയിട്ട് വലിയ ഒരു പ്രതിസന്ധി തന്നെ.
ഇന്നത്തെ രീതി അനുസരിച്ച് നോക്കിയാല്‍ പോംവഴി ഒന്നേ ഉള്ളൂ. മരിക്കുക. മക്കളെയും കൊള്ളുക, എന്നിട്ട് താനും മരിക്കുക. അല്ലാതെന്തു ചെയാന്‍ ? പക്ഷെ അവര്‍ ഒരു പരാജയം സമ്മതിക്കാന്‍ തയാറായില്ല. എന്നുവച്ചാല്‍ കടക്കാര്‍ക്കോ മരണത്തിനോ മുന്‍പില്‍ തങ്ങളെത്തന്നെ കീഴ്പ്പെടുത്തുവാന്‍ അവര്‍ ഭീരുക്കള്‍ ആയില്ല. മരിച്ചു അവര്‍ ഇത്രയും നാള്‍ വിശ്വസിച്ചു സേവിച്ചു വന്ന യഹോവ എന്ന ദൈവത്തോട് പ്രശ്നങ്ങള്‍ പറയാന്‍ സന്നദ്ധരായി. യഹോവയുടെ അരുളപ്പാടിനായി അവര്‍ പ്രവാചകനെ തന്നെ സമീപിച്ചു കാര്യം പറഞ്ഞു.
യിസ്രായേലിന്റെ ദൈവമായ യഹോവ ജീവിക്കുന്ന മഹാ ദൈവമാണെന്ന് ഓരോ യഹൂദനും അറിയാം. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തങ്ങളുടെ പിതാവായ അബ്രാഹാമിനെ വിളിച്ച ദൈവം, ഗോത്ര പിതാവായ യാക്കോബിന്റെ ദൈവം, വിശ്വസ്ത പുരുഷനായിരുന്ന യോസേഫിന്റെ ദൈവം, പിതാക്കന്മാരെ അടിമ വീടായ മിസ്രയീമില്‍ നിന്നും വിടുവിച്ച ദൈവം, മോശെയിലൂടെ അവരെ നടത്തിയ ദൈവം, ഘോര മരുഭൂമിയില്‍ പോഷിപ്പിച്ച ദൈവം, ദാവീദിന്റെ ദൈവം, ഏലിയാവിന്റെ ദൈവം, എലീശയുടെയും തന്റെ ഭര്‍ത്താവിന്റെയും ദൈവം..
അങ്ങനെ യഹോവ അവരുടെയിടയില്‍ ജീവിക്കുന്ന ദൈവമാണ്.. പ്രവര്‍ത്തിക്കുന്ന ദൈവമാണ്. തന്നെ വിളിച്ചപേക്ഷിക്കുന്ന ജനതയ്ക്ക് എപ്പോഴും ആശ്രയ കേന്ദ്രമാണ്. തങ്ങളുടെ കാലത്തു തന്നെ ഏലിയാവിലൂടെയും എലീശയിലൂടെയും അനേകം അത്ഭുതങ്ങളാലും അരുളപ്പാടുകളാലും ജനത്തോട് ഇടപെട്ടുകൊണ്ടിരുന്ന അതേ ദൈവത്തെ തന്നെയാണ് ആ കുടുംബം ഇത്രയും കാലം സേവിച്ചു പോന്നിരുന്നത്. അനേകം വിശ്വാസ വീരന്മാരുടെ ജീവിതം അവര്‍ക്ക് മാതൃകയാണ്. അത് കൊണ്ടു തന്നെ ദൈവത്തിലുള്ള അവരുടെ വിശ്വാസം ഏതൊരു പ്രതിസന്ധിക്കും തകര്‍ക്കാന്‍ കഴിയുന്നതല്ലായിരുന്നു.
പ്രശ്നങ്ങള്‍ , പ്രതിസന്ധികള്‍ : എങ്ങനെ കാണുന്നു
പലപ്പോഴും ഇത്തരമൊരു സന്ദര്‍ഭം നമ്മുടെ ജീവിതത്തില്‍ വരുമ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍ ആശ്രയിക്കുന്നുണ്ടോ എന്ന് സ്വയം ഒന്നു പരിശോധിക്കുവാന്‍ സാധിക്കുന്നത്. വിശ്വാസത്തിന്റെ മാറ്റ് അറിയുന്നതിന് വേണ്ടി അത് പരീക്ഷിക്കപ്പെടേണ്ടത് ആവശ്യമാണ്. യഥാര്‍ത്ഥ ദൈവ വിശ്വാസം കഷ്ടത വരുമ്പോള്‍ ദൈവത്തെ തള്ളിപ്പറയാതെ സഹിഷ്ണുത കാണിക്കുന്നു. മറ്റുള്ളവരെ പഴി ചാരാതെ ദൈവത്തിങ്കലേക്കു നോക്കുന്നു. അങ്ങനെ ചെയ്യണമെങ്കില്‍ ഒരു വ്യക്തി തീര്‍ച്ചയായും ചില കാര്യങ്ങള്‍ അറിഞ്ഞു തന്റെ മനസ്സില്‍ ഉറച്ചിരിക്കണം:
1. എന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ കഷ്ട നഷ്ടങ്ങളും, പ്രതിസന്ധികളും ദൈവം അറിഞ്ഞിട്ടു സംഭവിക്കുന്നു.(ഇയ്യോബ്: 2:10)
2. ദൈവം അനുവദിച്ചിട്ട് മാത്രം ഞാന്‍ അത് അനുഭവിക്കുവാന്‍ ഇട വരുന്നു. ദൈവം അനുവദിക്കുന്നിടത്തോളം മാത്രം.എല്ലാത്തിനും അവിടുത്തേക്ക് ഒരു ഉദ്ദേശ്യം ഉണ്ട്. എന്നെ നശിപ്പിക്കുക എന്നത് അവിടുത്തെ ഉദ്ദേശ്യമല്ല. എനിക്ക് എത്ര മാത്രം ശേഷി ഉണ്ട് എന്നും ദൈവത്തിനറിയാം.
3. ഏത് പ്രശ്നത്തിനും ദൈവത്തിനു ഒരു പോം വഴി ഉണ്ട്. അത് കണ്ടെത്തേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.
ഇയ്യോബ്, യോസഫ്, ദാവീദ്, ദാനിയേല്‍ തുടങ്ങിയ ഭക്തന്മാരായ ആളുകള്‍ ഈ കാര്യത്തില്‍ നമുക്കു മാതൃകയാണ്.
ദൈവ വചനം നമ്മെ ഓര്‍മിപ്പിക്കുന്നു :
"മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നത് നല്ലത്" (സങ്കീര്‍ത്തനം: 118:8)കൂടാതെ,
"ജനമേ, എല്ലാകാലത്തും അവനില്‍ ആശ്രയിപ്പിന്‍ ; നിങ്ങളുടെ ഹൃദയം അവന്റെ മുന്‍പില്‍ പകരുവിന്‍ ; ദൈവം നമുക്കു സങ്കേതമാകുന്നു " (സങ്കീര്‍ത്തനം 62:8)എന്നാണു വചനം നല്കുന്ന ആഹ്വാനം
ദൈവ ഭക്തി എന്ന അമൂല്യ നിക്ഷേപം:
ആവശ്യം വരുന്ന സമയത്തു എടുത്തു ഉപയോഗിക്കാനാണല്ലോ നിക്ഷേപം. ഇവിടെ ഭക്തയായ ഈ സ്ത്രീയ്ക്ക് ഉണ്ടായിരുന്നു ഒരു അമൂല്യ നിക്ഷേപം. മറ്റൊന്നുമല്ല, ദൈവത്തിലുള്ള അവരുടെ ഉറച്ച വിശ്വാസം. അതൊരു നിക്ഷേപം പോലെ പ്രയോജനപ്പെടാന്‍ തുടങ്ങി..
അങ്ങനെ എലിശാ പ്രവാചകന്റെ അടുക്കല്‍ എത്തിയ സ്ത്രീ പറഞ്ഞതു ഇപ്രകാരമാണ്: "നിന്റെ ദാസന്‍ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ". ദൈവ ഭക്തന്‍ എന്ന് ജീവിച്ചിരിക്കുമ്പോള്‍ എല്ലാവരാലും സാക്ഷ്യം പ്രാപിച്ചവന്റെ ഭാര്യയും അവന്റെ ഭക്തിയെ വെറുതെ വിടുന്നില്ല - യഹോവയിലുള്ള അവന്റെ ഭക്തിയെ അവള്‍ ഇവിടെയും എടുത്തു ഉപയോഗിക്കുന്നു.
സംതൃപ്തിയോട് കൂടിയ ദൈവഭക്തി വലുതായ ആദായം (1തിമോത്തി: 6:6)

"നീതിമാന്റെ ശ്രദ്ധയോട് കൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു" (യാക്കോബ് 5:16).ഭക്തനായ ഒരുവന് ദൈവമുമ്പാകെ അപേക്ഷിക്കാനുള്ള വലിയ ധൈര്യവും ഉണ്ടാകും.
"യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കള്‍ക്കും ശരണം ഉണ്ടാകും." (സദൃശ വാക്യങ്ങള്‍ : 14: 26)
ഭൌതിക സമ്പത്തിന്റെ കാര്യത്തില്‍ പരമ ദരിദ്രയായ ഈ സ്ത്രീയ്ക്ക് ആകെ ഉണ്ടായിരുന്നത് ഒരു ഭരണി എണ്ണ മാത്രമായിരുന്നു. പക്ഷെ അവരുടെ വിശ്വാസത്തിന്റെ അളവ് വേണ്ടുവോളം ഉണ്ടായിരുന്നു എന്ന് തുടര്‍ന്നുള്ള പ്രവൃത്തിയിലൂടെ കാണാം.
സ്ത്രീക്കും കുടുംബത്തിനും ഒരു വഴി തുറക്കപ്പെട്ടു. പോയി ഒഴിഞ്ഞ പാത്രങ്ങള്‍ കടം വാങ്ങുക. അങ്ങനെ കിട്ടിയ പാത്രങ്ങളിലേക്ക് വീട്ടില്‍ ഇരിക്കുന്ന ഭരണിയിലെ എണ്ണ പകരുക, എല്ലാ പാത്രങ്ങളിലും നിറയുവോളം അത് എണ്ണ പുറപ്പെടുവിച്ചുകൊണ്ടിരിക്കും.!
വിശ്വാസം പ്രവര്‍ത്തിക്കുന്നു:
ഭര്‍ത്താവിന്റെ ഭക്തിയുടെ പേരില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല എന്നതാണ് സത്യം. പകരം ഭര്‍ത്താവിന്റെ ദൈവത്തില്‍ ആ സ്ത്രീക്കുള്ള വിശ്വാസം അവരുടെ സ്വന്തം പ്രവര്‍ത്തിയിലൂടെ പ്രകടമാക്കുവാന്‍ എലിശാ ആവശ്യപ്പെട്ടു. വിശ്വാസം പ്രവൃത്തിയിലൂടെ വെളിപ്പെടുമ്പോള്‍ മാത്രമെ അത് ദൈവത്തെ പ്രസാദിപ്പിക്കാന്‍ ഉതകുന്ന ജീവനുള്ള വിശ്വാസം ആകുന്നുള്ളൂ എന്നും അപ്പോള്‍ മാത്രമെ ഒരു പരിഹാരം ഉണ്ടാകാന്‍ കഴിയൂ എന്നാണു എലിശാ പറഞ്ഞതിന്റെ സാരം.
അവനനവന്റെ വ്യക്തിപരമായ വിശ്വാസത്താല്‍ മാത്രമെ ഒരുവന് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ സാധിക്കൂ എന്ന് ബൈബിള്‍ വളരെ വ്യക്തമായി പഠിപ്പിക്കുന്നു. (എബ്രായര്‍ 11:6). വിശ്വാസം ജീവിപ്പിക്കാന്‍ ഉതകുന്നതാണെന്ന് മറ്റൊരു ഭാഗത്ത് പറയുന്നു (ഗലാത്യര്‍ : 3:11) .
എലിശാ പറഞ്ഞതു പോലെ തന്നെ അവര്‍ ചെയ്തു. അത്യത്ഭുതം തന്നെ, ആ പറഞ്ഞതു പോലെ തന്നെ ഒരു ഭരണിയിലെ എണ്ണ കൊണ്ടു എല്ലാ പാത്രത്തിലും നിറച്ചു; മതിയാകുവോളം.!
വിശ്വാസം ദൈവത്തെ മഹത്വപ്പെടുത്തുന്നു
തീര്‍ന്നില്ല, സംഭവിച്ചതെല്ലാം അവള്‍ പ്രവാചകന്റെ അടുക്കല്‍ ചെന്നു പറഞ്ഞു. അപ്പോള്‍ എലീശ അവളെ അത് വിറ്റു കടം വീട്ടുവാനും തുടര്‍ന്നുള്ള കാലം ഉപജീവനം കഴിക്കുവാനും അനുവദിച്ചു. ദൈവത്തെ ആശ്രയിച്ചത് കൊണ്ടു മാത്രം ഒരു വലിയ പ്രതിസന്ധി അനുഗ്രഹമായി തീര്‍ന്നു. അനേകര്‍ക്ക് മുന്‍പില്‍ അഭിമാന പാത്രങ്ങളായി അവര്‍ പരിണമിച്ചു. അങ്ങനെ അവരുടെ ദൈവത്തിനു മഹത്വം ഉണ്ടായി. ദൈവത്തെ സേവിക്കുന്ന എല്ലാവര്‍ക്കും അതൊരു മഹത്തായ പാഠമായി ഇന്നും നിലകൊള്ളുന്നു.
ദൈവം അരുളിച്ചെയ്തിരിക്കുന്നു :
"കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും." (സങ്കീര്‍ത്തനം: 50: 15)
പ്രിയ സ് നേഹിതരെ, ദൈവവിശ്വാസം ഇന്നും പ്രസക്തമാണ്. വിശ്വാസം എന്ന വ്യവസ്ഥയിലൂടെ ഇന്നും ദൈവത്തെ കണ്ടെത്താവുന്നതാണ്. വചനത്തിന്റെ വെളിച്ചത്തില്‍ അന്വേഷിക്കുമെങ്കില്‍ .. നിങ്ങളുടെ പ്രതികരണം എന്ത് ?
0 comments:
Post a Comment